അതിശക്തമായ മഴ :4 ജില്ലകളിൽ യെല്ലോ അലർട്ട്; റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തിൽ ശക്തമായ മഴ തുടരാൻ കാരണം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
തെക്കൻ തമിഴ്‌നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 60 സെന്‍റി മീറ്ററിനും 75 സെന്‍റീമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.