ഗുണ്ടാനേതാവിൻ്റെ വീട്ടിലെ വിരുന്ന്; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
സംഭവത്തിൽ പോലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചു

എറണാകുളം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ ഡി.വൈ.എസ്.പിയും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരു സി.പി.ഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്.പി. സസ്പെന്റ് ചെയ്തത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡി.വൈ.എസ്.പി. എം.ജി. സാബുവും മൂന്ന് പോലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. വിരുന്നിന് കൊണ്ടുപോയത് ഡി.വൈ.എസ്.പിയെന്നാണ് പോലീസുകാർ പറയുന്നത്. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയതെന്നും അവർ വ്യക്തമാക്കി. അതേസമയം, മറ്റ് പോലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡി.വൈ.എസ്.പി. എം.ജി. സാബുവിന്റെ മൊഴി. സംഭവത്തിൽ പോലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിൽ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പോലീസ് പരിശോധനക്കെത്തിയത്.