വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴ; കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട്
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

കോഴിക്കോട്: വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ മൺസൂൺ പാത്തി സജീവമായി തുടരുകയാണ്.
വെള്ളക്കെട്ട് രൂക്ഷമായ കോഴിക്കോട് ജില്ലയിൽ നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂരില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെപെടുന്ന നിലയിലാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.