ദുരന്ത ഭൂമിയിൽ നിന്നും ആശ്വാസ വാർത്ത; നാലുപേരെ ജീവനോടെ കണ്ടെത്തി
രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിലെ തകർന്ന വീട്ടിൽ കണ്ടെത്തിയത്
കൽപ്പറ്റ: ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും നാലാം ദിനം ആശ്വാസ വാർത്ത. സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ നിന്നും കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.
പകുതി തകർന്ന വീട്ടിൽ ഒറ്റപ്പെട്ട് പോയ ഇവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുൾപ്പൊട്ടലിൽ പകുതി തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.
നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്. സൈന്യം, എൻ.ഡി.ആർ.എഫ്., ഡി.എസ്.ജി., കോസ്റ്റ് ഗാർഡ്, നേവി, എം.ഇ.ജി. ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഓരോ ടീമിലും പ്രദേശവാസികളായ മൂന്ന് പേരെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്.

