ഉള്ളിയേരിയിൽ ബസ് ജീവനക്കാർ പഞ്ചായത്ത് പ്രസിഡണ്ടിനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം

നടുവണ്ണൂർ: വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ഉള്ളിയേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ ആക്രമം നടത്തിയതായി പരാതി. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യയും കുടുംബവും ഇന്ന് രാവിലെ തിരൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ഉള്ളിയേരിൽ വെച്ചാണ് സംഭവം. രാവിലെ 10.30 ഓടെ ഉള്ളിയേരി ജംഗ്ഷനിൽ കുറ്റ്യാടി കെ എസ് ആർ ടി സി ബസ് ബ്രേക്ക് ഡൗൺ ആയി, ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ സമയം നിരവധി വാഹനങ്ങളെ മറികടന്ന് സ്വകാര്യ ബസ് -വരദാനം അപകടകരമായി മുന്നിലേക്ക് വന്നു.
വാഹനങ്ങൾക്ക് മുന്നിൽ പെട്ടു പോയ ഇന്നോവ കാറും മറി കടന്ന് പോകാൻ കഴിയാതെ വന്നതോടെ ബസ് കണ്ടക്‌ടറും ക്ലീനറും ബഹളം വെച്ച് കാറിനടുത്ത് എത്തി. തുടർന്നാണ് കാർ ഓടിച്ചിരുന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മകളുടെ മകൻ അലീഫ് നിഹാലുമായി തർക്കം തുടങ്ങിയത്. കണ്ടക്‌ടർ അലിഫിനെ മർദ്ദിച്ചു .കാറിൻ്റെ താക്കോൽ പിടിച്ച് പറിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ എൻജിൻ ഓഫ് ചെയ്യാനാവാതെയും കാർ മുന്നോട്ട് എടുക്കാൻ സാധിക്കാതെയും വന്നു. ഈ സമയവും ഇരു കൂട്ടരും വാക് തർക്കം തുടർന്നു . ഹോം ഗാർഡ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല" ബസ്സിലുള്ളവരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഹോം ഗാർഡ് പ്രകാശൻ പറഞ്ഞു. "എഞ്ചിൻ ഓഫാക്കാനാകാതെ വാഹനം സംഭവ സ്ഥലത്ത് ഏറെ നേരം നിർത്തിയിട്ടു.
റോഡിൽ ട്രാഫിക് തടസ്സം ഉണ്ടാവുമ്പോൾ പിറകിൽ നിന്ന് മറ്റു വാഹനങ്ങളെ മറികടന്ന് അമിതവേഗതയിൽ മുമ്പോട്ട് കുതിച്ച് റോഡ് മൊത്തം ബ്ലാക്ക് ആക്കുക എന്നത് സ്വകാര്യ ബസുകളുടെ ഒരു രീതിയാണ്. കുടുംബങ്ങളായി സഞ്ചരിക്കുന്ന കാറ് ഇരുചക്ര വാഹനങ്ങളാണ് ഇവയ്ക്കിടയിൽ പെട്ടുപോകുന്നത് -ഇന്ന് നടുവണ്ണൂർ അഞ്ഞോളി മുക്കിനിടയിൽ റോഡ് പണിക്കിടയിൽ ഇതേ രീതിയിൽ മത്സരിച്ച് പിറകിൽ നിന്നും കുതിച്ചുവന്ന സ്വകാര്യ ബസ് ഭാഗ്യം കൊണ്ടാണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്.റോഡിൽ എന്തൊക്കെ ദുരനുഭവങ്ങൾ ഉണ്ടായാലും എന്നെ തല്ലണ്ടമ്മാവാ നന്നാവില്ല എന്ന അഹങ്കാര രീതി തന്നെയാണ് എല്ലാറ്റിനും കാരണം.