വിലങ്ങാട് ഉരുൾപൊട്ടൽ: ശാസ്ത്രീയ പരിശോധനക്കായി വിദഗ്ധ സംഘം ഇന്നെത്തും
മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക
കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടലിനെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്‌ധസംഘം ഇന്ന് വിലങ്ങാട് എത്തും. ഉരുൾപൊട്ടൽ സംബന്ധിച്ച് മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ജില്ല കലക്‌ടർ സ്നേഹിൽ കുമാർ സിങ് ഇക്കാര്യം അറിയിച്ചത്.
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. ഡ്രോൺ പരിശോധന തുടങ്ങിക്കഴിഞ്ഞു. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക. വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിനുപുറമേ വ്യക്തികളോട് നേരിൽ സംസാരിച്ചു തയാറാക്കിയ കണക്കും സർക്കാറിലേക്ക് നൽകും.
വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്‌ത് നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗത്തിൽ അറിയിച്ചു. പുനരധിവാസം ആസൂത്രണം ചെയ്‌ത് നടപ്പാക്കും വരെ വാടക വീട് ഉൾപ്പടെയുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.

