വയനാട് ദുരന്തം: സാലറി ചലഞ്ച്; സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ വേതനം നൽകണം
ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി
തിരുവനന്തപുരം: വയനാട് ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം.
സമ്മതപത്രം ഡിഡിഒമാർ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാമെന്ന് മാർഗനിർദേശം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി.
വയനാട് പുനരധിവാസത്തിനായി സർക്കാർ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 174.18 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളായി ലഭിച്ചത്.

