ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ബാങ്ക് മാനേജരായിരുന്ന മധാ ജയകുമാർ പിടിയിൽ
സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയാണിവർ

ബംഗ്ലൂർ: വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പണയ സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ മധാ ജയകുമാർ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.കർണാടക- തെലങ്കാന അതിർത്തിയിൽ വെച്ചാണ് അറസ്റ് ചെയ്തത്.
അറസ്റ്റിലായത് ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി വടകര ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു. സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലും ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു.
42 അക്കൗണ്ടുകളിൽനിന്നായി 26.24 കി. ഗ്രാം സ്വർണമാണ് നഷ്ടമായത്. വടകരയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ സ്വർണത്തട്ടിപ്പ് നടന്നത്. വാർത്ത അറിഞ്ഞ് ഇടപാടുകാർ പലരും ശനിയാഴ്ചയും ബാങ്കിലെത്തി. അടുത്തിടെ പ്രതി തമിഴ്നാട്ടിൽ ഹോട്ടൽ തുടങ്ങിയതും പ്രമുഖ സിനിമാതാരം ഉദ്ഘാടകയായ വിവരവും പൊലീസിന് ലഭിച്ചിരുന്നു. മധാ ജയകുമാറിനെ കണ്ടെത്താൻ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു.