വയനാട് ദുരന്തം;119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി
വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങൾ ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്.അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്.105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്.
മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി ആര്‍ എഫില്‍ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിന് പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

