15 വര്‍ഷം കഴിഞ്ഞാലും വാഹനങ്ങള്‍ പൊളിക്കേണ്ട; അടിമുടി പരിഷ്‌കാരം
കേരളത്തിൽ15 വര്‍ഷത്തിലധികം പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍

ന്യൂഡൽഹി: കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ഗതാഗത മന്ത്രാലയ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു. കാലപ്പഴക്കം നിര്‍ണയിക്കാന്‍ വര്‍ഷത്തിന് പകരം മലിനീകരണ തോത് നിശ്ചയിക്കും.
നിശ്ചിത പരിധിക്ക് മുകളില്‍ മലിനീകരണ തോത് ഉയര്‍ന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. 15 വര്‍ഷത്തിലധികം പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇത്തരം വാഹനങ്ങള്‍ പൊളിക്കുന്നതില്‍ നിന്ന് ഉടമകള്‍ക്ക് രക്ഷനേടാന്‍ പുതിയ നയംമൂലം സാധിക്കും. 2021ല്‍ പുതിയ പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വന്നശേഷം ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചത്. കേരളത്തിലാകട്ടെ 2,253 വാഹനങ്ങളും.
വാഹനങ്ങള്‍ പൊളിക്കുന്നതിന് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളാണ് തുടങ്ങുന്നത്. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്ത് വരും. മധ്യ, വടക്കന്‍ മേഖലകളില്‍ പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി ഉടനുണ്ടാകും. വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കെ.എസ്.ആര്‍. ടി.സിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ബ്രെത്ത്വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നാണ് തിരുവനന്തപുരത്ത് പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നത്.