കാറുകളിൽ ഇനി കുട്ടികൾക്ക് ഇരിക്കാൻ പ്രത്യേക സീറ്റില്ലെങ്കിൽ പിഴ
കേന്ദ്ര നിയമ പ്രകാരം നാലു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് നിർബന്ധമാണ്
കോഴിക്കോട്: കുട്ടികൾക്ക് ഇരിക്കാൻ പ്രത്യേകം സീറ്റ് നിർബന്ധ മാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു വന്നത്. ഇതിൻറെ ഭാഗമായി ഒരു മാസത്തെ ബോധവൽക്കരണം നടത്തും. നവംബർ മാസം മുതൽ മുന്നറിയിപ്പ് നൽകാനും ഡിസംബർ മുതൽ സീറ്റ് ഏർപ്പെടുത്താത്ത വാഹനങ്ങൾക്ക് പിഴ ചുമത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര നിയമ പ്രകാരം നാലു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് നിർബന്ധമാണ്. കുട്ടികൾക്ക് കാറിന്റെ പിൻ സീറ്റിൽ മധ്യ ഭാഗത്താണ് സീറ്റ് ഒരുക്കേണ്ടത്. നാലു വയസ്സിന് മുകളിലുള്ള കുട്ടികളെ ബൂസ്റ്റർ സീറ്റുകളിലാണ് ഇരുത്തേണ്ടത്. 135 സെൻറീമീറ്റർ ഉയരമുള്ളവർ വരെ ബൂസ്റ്റർ സീറ്റുകൾ ഉപയോഗിക്കണം കാറിന്റെ സീറ്റിൽ നിന്ന് തെറിച്ചു പോകാത്ത വിധത്തിലുള്ളവയാണ് ബൂസ്റ്റർ സീറ്റുകൾ. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ സീറ്റുകൾ ലഭ്യമാണ്.
ഇരുചക്ര വാഹനങ്ങളിൽ നാലു വയസ്സു മുതലുള്ള കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റ് നിർബന്ധമാണെന്ന് ഗതാഗത കമ്മീഷണർ ഇറക്കിയ നിർദ്ദേശത്തിൽ പറയുന്നുണ്ട്. കുട്ടികളെ വാഹനം ഓടിക്കുന്ന ആളുമായി സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കണമെന്നും നിർദ്ദേശത്തിൽ ഉണ്ട്.

