റെയിൽവേ തൊഴിലാളികളുടെ സുരക്ഷയുറപ്പാക്കാൻ അടിയന്തരനടപടി വേണം: കെ രാധാകൃഷ്‌ണൻ
സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.രാധാകൃഷ്‌ണൻ എംപി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു.

ഷോർണൂർ :ഷൊർണൂരിൽ നാല് ശുചീകരണ തൊഴിലാളികൾ ജോലിക്കിടെ ട്രെയിനിടിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്‌ണൻ എംപി. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു.
കരാർ തൊഴിലാളികളെ മതിയായ സുരക്ഷ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യിക്കുകയാണെന്നും കത്തിൽ പറഞ്ഞു.തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലും സമാന അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അപകടങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണം. ട്രെയിൻ വരുമ്പോൾ മുന്നറിയിപ്പ് നൽകുന്ന രക്ഷക് സുരക്ഷ ഉപകരണങ്ങളടക്കം ശുചീകരണ തൊഴിലാളികൾക്ക് നൽകിയിട്ടില്ല. മന്ത്രാലയം ഉടനടി സുരക്ഷ ഉപകരണങ്ങൾ നൽകാൻ തയ്യാറാവണം. ട്രാക്കുകൾ പ്രവർത്തനക്ഷമമാക്കിയും ശുചീകരിച്ചും നിലനിർത്തുന്നത് കരാർ തൊഴിലാളികളാണ്. ഇവരുടെ സുരക്ഷയുറപ്പാക്കാൻ ശാസ്‌ത്രീയമായ പ്രോട്ടോക്കോളും മേൽനോട്ടവും വേണം.
മുഖ്യ തൊഴിൽദാതാവെന്ന നിലയിൽ അപകടങ്ങളുടെ ഉത്തരവാദിത്തം റെയിൽവേ ഏറ്റെടുക്കണം. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരവും ജോലിയും നൽകണം. സ്‌റ്റേഷനുകളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ ശേഖരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യവും അപകടത്തിലാണ്. ഇതിനായി ശാസ്‌ത്രീയമായ മാലിന്യസംസ്‌കരണം വേണം കത്തിൽ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.