യുവതിയെയും കുട്ടികളെയും പുറത്താക്കി ഭർത്താവ് വീടുപൂട്ടി പോയതായി പരാതി
ഭാര്യ അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെയും കുട്ടികളെയും പുറത്താക്കി ഭർത്താവ് വീടുപൂട്ടി പോയതായി പരാതി. മൂന്നാം തോട് മുട്ടുകടവ് സ്വദേശി രാജേഷിന് എതിരെയാണ് പരാതി. ഭാര്യ അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നത്. സംഭവത്തിൽ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു. ഗാർഹിക പീഡനത്തിന് അനുമോൾ രാജേഷിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം രാജേഷിൻ്റെ വീട്ടിൽ നിൽക്കാൻ കോടതി ഉത്തരവിട്ടു. ഈ ഓർഡറുമായി രണ്ട് ദിവസം മുമ്പ് രാത്രി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇന്നലെ പൊലീസ് പറഞ്ഞത് പ്രകാരം രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ പുറത്താക്കി വീടുപൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുകാർ എവിടെയെന്ന് അറിയില്ല എന്നും മൂത്ത കുട്ടി അവർക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അനുമോൾ പറയുന്നു.