താമരശ്ശേരിയിൽ യുവതിയെയും കുട്ടികളെയും വീടിന് പുറത്താക്കിയതായി പരാതി
യുവതിയും മക്കളും വീടിനു പുറത്ത് കഴിഞ്ഞത് രണ്ട് ദിവസം

താമരശ്ശേരി: യുവതിയെയും മക്കളെയും പുറത്താക്കി ഭർത്താവ് വീടുപൂട്ടി പോയതായി പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിന് എതിരെയാണ് ഭാര്യ അനുമോൾ പരാതി നൽകിയത്. അനുമോളും കുട്ടികളും രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നതെന്നും റിപ്പോർട്ട്.
രാജേഷിനെതിരെ അനുമോൾ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് പ്രൊട്ടക്ഷൻ ഓർഡർ പ്രകാരം രാജേഷിന്റെ വീട്ടിൽ നിൽക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പ് രാത്രി ഓർഡറുമായി യുവതി വീട്ടിലെത്തിയെങ്കിലും രാവിലെ പരിഹരിക്കാം എന്നറിയിച്ച് പൊലീസ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്നലെ പൊലീസ് പറഞ്ഞത് പ്രകാരം രാജേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ പുറത്താക്കി വീടുപൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടുകാർ എവിടെയെന്ന് അറിയില്ല എന്നും മൂത്ത കുട്ടി അവർക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അനുമോൾ പറയുന്നു.
പൊലീസിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും, പൊലീസ് കൂടി അറിഞ്ഞാണ് ഈ നടപടിയെന്നാണ് കരുതുന്നതെന്നും യുവതി ആരോപിച്ചു. വീട് കുത്തിത്തുറന്ന് അകത്ത് കയറാനാണ് അവർ മറുപടി നൽകിയതെന്നും, പ്രൊട്ടക്ഷൻ പേപ്പറൊന്നും പൊലീസ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും, വീട്ടിൽ നിന്നിറങ്ങാൻ തന്നെയാണ് ആദ്യദിവസം മുതൽ പറയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
2008ലായിരുന്നു ഇവരുടെ വിവാഹം. 'സ്ത്രീധനമായി കിട്ടിയ സ്വർണം ഉപയോഗിച്ചാണ് ഈ വീടും സ്ഥലവും ഉണ്ടാക്കിയത്. പക്ഷേ അത് ഭർത്താവിന്റെ അമ്മയുടെ പേരിൽ എഴുതി വച്ചു. എന്നോട് ഇറങ്ങിപ്പോകാനും പറഞ്ഞു. സംശയരോഗിയാണ് രാജേഷ്. മദ്യപാനവും ലഹരിയുമെല്ലാമുണ്ട്. നിരന്തരം മർദിക്കുകയും ചെയ്തിരുന്നു.', യുവതി പറയുന്നു.