മകരവിളക്ക് ദർശനം സുഗമമാക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്
തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡും, പോലീസും നടപടികൾ തുടങ്ങി.

പത്തനംതിട്ട :മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ, ദേവസ്വം ബോർഡും പോലീസും നടപടികൾ തുടങ്ങി. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കലേക്ക് മാറ്റും. നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപമാണ് കൗണ്ടറുകൾ സജ്ജമാക്കുക. ഇതോടെ പമ്പയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കാനാകും.
പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.
കാനന പാതയിൽ തീർത്ഥാട കരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. മകരവിളക്ക് കണക്കിലെടുത്ത് 12 മുതൽ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾ പരിമിതപ്പെടുത്തും. 12 നും 13 നും സ്പോട്ട് ബുക്കിങ് 5000 വും 14 ന് 1000 വും മാത്രമാകും. 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ വെർച്വൽ ക്യൂ ബുക്കിംഗും നിയന്ത്രിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. നിലവിൽ ഇത് ദിവസം 70000 ആണ്.