മുയിപ്പോത്ത് സ്വദേശിയുടെ കാറിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു
അപകടത്തിൽ കാറിന്റെ മുൻവശത്തെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു

ചേമഞ്ചേരി: വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിൻ്റെ കാറിനാണ് തീപിടിച്ചത്. നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റ് യാത്രക്കാർ കാറിലുള്ളവരെ വിവരം അറിയിച്ചു. ഉടൻ തന്നെ കാർ വെങ്ങളത്തിന് സമീപം നിർത്തി യാത്രക്കാർ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാറിന് തീ പിടിച്ചു. അപകടത്തിൽ കാറിന്റെ മുൻവശത്തെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരും മറ്റുള്ളവരും ചേർന്ന് തീ പകുതിയോളം അണച്ചിരുന്നു.
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബി.കെ, രതീഷ്, സിജിത്ത് സി, അനൂപ് എൻ.പി, രജീഷ് വി.പി, ബിനീഷ്, ഹോംഗാർഡ് രാംദാസ് വിചിലേരി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.