കുട്ടിയെ വെച്ചുകൊണ്ട് സ്കൂട്ടറിൽ അപകടകരമായ യാത്ര നടത്തിയയാൾക്കെതിരെ കേസ്
സംഭവത്തിൽ മാവൂർ സ്വദേശി ഷഫീഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

കോഴിക്കോട്: സ്‌കൂട്ടറിന് പിറകിൽ തിരിഞ്ഞ് അപകടകരമാം വിധത്തിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിയുടെ മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കോഴിക്കോട് മാവൂർ-തെങ്ങിലക്കടവ് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പത്ത് വയസ്സിൽ താഴെ മാത്രം പ്രായമുള്ള ആൺകുട്ടിയുമായി കെഎൽ 11 ബിഇസഡ് 7624 നമ്പറിലുള്ള ഇലക്ട്രിക് സ്കൂട്ടറിലാണ് ഒരാൾ യാത്ര ചെയ്തത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
പിറകിൽ തിരിഞ്ഞിരുന്നാണ് സഞ്ചരിച്ചിരുന്നത്. കൈവശ മുണ്ടായിരുന്ന മൊബൈൽ ഫോണിൽ ഇടക്കിടെ കുട്ടി നോക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. സാമാന്യം നല്ല വേഗതയിലാണ് സ്കൂട്ടർ സഞ്ചരിച്ചിരുന്നത്. ഇവർക്ക് പുറകിലായി വന്ന വാഹനത്തിലുള്ളവരാണ് ദൃശ്യം പകർത്തിയത്. അപകടകരമായി സ്‌കൂട്ടർ യാത്ര നടത്തിയ സംഭവത്തിൽ മാവൂർ സ്വദേശി ഷഫീഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കേസ് എടുത്തിരിക്കുന്നത്. സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എത്തി. ഹെൽമറ്റ് ധരിക്കാത്തതിന് പിഴയും ഈടാക്കി. യാത്രയുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാവൂർ പോലീസ് ഷഫീഖിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി നടപടി സ്വീകരിക്കുകയായിരുന്നു.