പന്തിരിക്കരയിൽ സംഘം ചേർന്ന് ദളിത് യുവാവിനെ ആക്രമിച്ചു
ഹോട്ടൽ ഉടമയും സംഘവും ജാതിപ്പേര് വിളിക്കുകയും മർദിക്കുകയുമായിരുന്നു

പന്തിരിക്കര: പന്തിരിക്കരയിൽ സംഘം ചേർന്ന് ആക്രമണം ദളിത് യുവാവിന് പരുക്ക്. ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകിയതിലാണ് അക്രമം നടന്നതെന്നും കൊലപാതക ശ്രമമെന്നും കുടുംബം. മുതുകാട് ചെങ്കോട്ടക്കൊല്ലി കേളം പൊയിൽ മിജിൻസ് എന്ന നന്ദു (40) നാണ് ഒരു കൂട്ടം ആളുകൾ മർദിച്ച് അവശനാക്കിയത്. പന്തിരിക്കരയിൽ ജോലി ചെയ്യുന്ന മിജിൻസ് ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുകയും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകുമ്പോൾ ഫോൺ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങിനിന്നു എന്നും ഫോൺ കഴിഞ്ഞ് തിരിച്ചു വന്ന് പണം നൽകാൻ എത്തിയ മിജിൻസിനെ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് ചീത്ത വിളിക്കുകയും മർദിക്കുകയു മായിരുന്നു വെന്ന് മിജിൻസ് പറഞ്ഞു.
അവശനായ മിജിൻസ് സ്ഥിരം ഭക്ഷണം കഴിക്കുന്ന ഹോട്ടൽ ആയതിനാൽ ആരെയും അറിയിക്കാതെ പണവും കൊടുത്ത് തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ ഹോട്ടൽ ഉടമയും സംഘവും പിടിച്ച് വച്ച് ജാതിപ്പേര് വിളിക്കുകയും മർദിക്കുകയായിരുന്നു എന്ന് മിജിൻസ് പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിൽ മിജിൻസിന് തലയ്ക്കും നെഞ്ചിലും സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. സാരമായി പരുക്കേറ്റ് അവശനായ മിജിൻസിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.