പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
കൗൺസിലിങിനിടെ പീഡനത്തിന്റെ വിശദവിവരങ്ങൾ കുട്ടി തുറന്നു പറയുകയായിരുന്നു
മലപ്പുറം: ചങ്ങരംകുളത്ത് പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി അജ്‌മൽ, ആലങ്കോട് സ്വദേശി ആബിൽ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 2023ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി അജ്‌മൽ പതിനഞ്ച് വയസുകാരിയെ പരിചയപ്പെടുകയും നേരിൽ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അജ്‌മൽ കുട്ടിയ്ക്ക് കഞ്ചാവ് നൽകി മയക്കി കിടത്തുകയും ആബിലിനൊപ്പം കുട്ടിയെ ബലാത്സംഗം ചെയ്‌തു വെന്നുമാണ് പൊലീസ് പറയുന്നത്.
കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺ കുട്ടി ഒരു ആശുപത്രിയിൽ ചികിത്സ തേടി. കടുത്ത മാനസികാഘാതമേറ്റ പെൺകുട്ടിയ്ക്ക് ഒന്നര വർഷത്തോളമായി കൗൺസിലിങ് നൽകി വരികയാണ്. കൗൺസിലിങിനിടെ പീഡനത്തിന്റെ വിശദ വിവരങ്ങൾ കുട്ടി തുറന്നുപറയുകയും അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

