ചാലക്കുടി ബാങ്ക് കൊള്ള: ഇരുട്ടിൽ തപ്പി പോലീസ്
മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻഡോർഗ് സ്കൂട്ടറിൽ

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കൊളളയിൽ ഇരുട്ടിൽ തപ്പി പൊലീസ്. മോഷണം നടന്ന് മൂന്നാം ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻഡോർഗ് സ്കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എൻഡോർഗ് സ്കൂട്ടർ തൃശൂർ ജില്ലയിൽ മാത്രം പതിനായിരത്തിലേറെയാണ്, അതുകൊണ്ട് പ്രതിയെ കണ്ടു പിടിക്കുക എന്നത് വലിയ കടമ്പയാണ്. ജില്ലയിൽ എൻഡോർഗ് സ്കൂട്ടറുളളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പൊലീസ് പട്ടിക തയാറാക്കിയിട്ടുണ്ട്.
പട്ടാപ്പകൽ ബാങ്കിലെത്തി, വെറുമൊരു കത്തി കാണിച്ച് മൂന്ന് മിനിറ്റുകൊണ്ട് കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. നട്ടുച്ച സമയത്ത് ആണ് മോഷ്ടാവ് എത്തിയത്, ഈ സമയം ബാങ്ക് പരിസരം വിജനമായിരുന്നു. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ബാക്കിയാകുന്നു. മുൻ പരിചയമില്ലാത്ത ആൾക്ക് മൂന്ന് മിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവുമുണ്ട്. മോഷണത്തിന് ശേഷം പ്രതി എങ്ങോട്ടു പോയി എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.