പയ്യോളി മുൻസിപ്പൽ കൗൺസിലറുടെ വീട്ടിൽ മോഷണം നടത്തിയ കീഴൂർ സ്വദേശികൾ അറസ്റ്റിൽ
കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിന്റെ വീട്ടിലാണ് മോഷണം നടന്നത്

പയ്യോളി: കീഴൂർ തുറശ്ശേരിക്കടവിന് സമീപം പയ്യോളി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലറുടെ വീട്ടിൽക്കയറി പണം കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. കീഴൂർ സ്വദേശികളായ പുതുക്കാട് മുഹമ്മദ് റാഷിദ് (37), മാനയിൽ കനി എം.കെ സജീർ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് കവർച്ച നടന്നത്. കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 1200 യു.എ.ഇ ദിർഹവും 42,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
സഹോദരി ഭർത്താവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ഷഹനാസും കുടുംബവും. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മുകൾനിലയിൽ ഓടിട്ടതായിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പയ്യോളി പോലീസ് ഇൻസ്പെക്‌ടർ എ.കെ സജീഷിന്റെ നിർദ്ദേശമനുസരിച്ച് എസ്.ഐ പി റഫീഖിന്റെ നേതൃത്വത്തിൽ സിപിഒ ഷനോജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.സി ബിനീഷ്, ടി.കെ ശോഭിത്ത്, ജി ഷനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.