കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു
ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പനാണ് ഇടഞ്ഞത്

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്നലെ വൈകിട്ട് 6.40 നാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ അനുസരണക്കേട് കാട്ടുകയായിരുന്നു. ഏറെനേരം കുന്നംകുളം അഞ്ഞൂർ റോഡിലെ കോടതിപ്പടിയിൽ നിലയുറപ്പിച്ചു. പാപ്പന്മാരും എലിഫൻ്റ് സ്ക്വാഡും ചേർന്ന് ആനയെ തളക്കാനുള്ള ശ്രമം തുടർന്നു. നാശനഷ്ടങ്ങൾ ഒന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനുവരിയില്‍ കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞിരുന്നു. കീഴൂട്ട് വിശ്വനാഥൻ എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനിടെയായിരുന്നു ആന ആദ്യം ഇടഞ്ഞത്. തുടർന്ന്, തളച്ചതിന് ശേഷവും വീണ്ടും ആന വിരണ്ടോടി ഉത്സവപ്പറമ്പിലേക്കെത്തി. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്ത് നിന്നും താഴേക്ക് ചാടിയവർക്ക് പരിക്കേറ്റിരുന്നു.