headerlogo
recents

താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലാ സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്.

 താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി
avatar image

NDR News

07 Mar 2025 06:45 AM

താനൂര്‍: ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്താന്‍ സഹായകമായത് മൊബൈല്‍ ലൊക്കേഷനാണ്. മഹാരാഷ്ട്രയിലെ ലോണാവാലാ സ്റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. മാധ്യമ വര്‍ത്തകളെ തുടര്‍ന്ന് മലയാളി സംഘടനകള്‍ എല്ലാം ഈ പെണ്‍കുട്ടികള്‍ക്കായി തിരച്ചലിന് ഇറങ്ങി. ഇതോടെ റെയില്‍വേ പോലീസും മഹാരാഷ്ട്രാ പോലീസുമെല്ലാം അന്വേഷണത്തില്‍ സജീവമായി. അങ്ങനെ ഈ കുട്ടികളും പോലീസിന്റെ കണ്ണില്‍ പെട്ടു.

 

 

ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികള്‍ സുരക്ഷിതരാണെന്നും പൂനെ ആര്‍.പി.എഫ്. ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് തങ്ങളെ കണ്ടെത്തിയതില്‍ കുട്ടികള്‍ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാല്‍ ബന്ധുക്കള്‍ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെണ്‍കുട്ടികളുമായി ഫോണില്‍ സംസാരിച്ച താനൂര്‍ ഡി.വൈ.എസ്.പി. പറഞ്ഞു.

 

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു. പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു. പിന്നാലെയാണ് മലയാളികള്‍ തിരച്ചലിന് ഇറങ്ങിയത്.

 

 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയതെന്ന് ഉടമ പറഞ്ഞു. രണ്ടുപേരും മാസ്‌ക് ധരിച്ചിരുന്നു. പെണ്‍കുട്ടികളിലൊരാള്‍ പാര്‍ലറില്‍ മുടി മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിലെത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പാര്‍ലറില്‍നിന്ന് പോയി. ഈ ദൃശ്യങ്ങള്‍ വന്നതോടെ മഹാരാഷ്ട്രയില്‍ കുട്ടികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ മലയാളി കൂട്ടായ്മകള്‍ എല്ലാം പരിശോധനയ്ക്ക് ഇറങ്ങി. അങ്ങനെയാണ് പൂനയ്ക്ക് അടുത്ത് നിന്നും അവരെ കണ്ടെത്തിയത്. കുട്ടികള്‍ പരീക്ഷയെഴുതാനെന്നുപറഞ്ഞാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ എത്തിയില്ല. പരീക്ഷയ്ക്ക് കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. മൂന്നാംതീയതി ഇവര്‍ പരീക്ഷ എഴുതിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ബുധനാഴ്ച ഇതില്‍ ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

NDR News
07 Mar 2025 06:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents