വസ്ത്രമെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ജീവനക്കാരൻ ഉപദ്രവിച്ച കേസിൽ ലൈംഗിക പീഡനവും നടന്നതായി സൂചന
കുട്ടി വസ്ത്രം പലതവണ മാറിയെടുത്തത് ജീവനക്കാരനെ പ്രകോപിതനാക്കി

കുറ്റ്യാടി :തൊട്ടിൽപ്പാലത്തെ തുണിക്കടയിൽ വസ്ത്രമെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ജീവനക്കാരൻ ഉപദ്രവിച്ച കേസിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നൽകിയ റിപ്പോർട്ടിൽ ലൈംഗിക പീഡനവും നടന്നതായി സൂചന. ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ തൊട്ടിൽപ്പാലം എസ്. എച്ച് ഒയോട് നിർദേശിച്ചതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അബ്‌ദുൾ നാസർ അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ഉമ്മയോടൊപ്പം കടയിലെത്തിയ കുട്ടിയെ മറ്റൊരു മുറിയിൽ കൊണ്ടുപോയി ജീവനക്കാരൻ ഉപദ്രവച്ചത്.
വാങ്ങിയ വസ്ത്രം മാറിയെടുക്കാനായി തൊട്ടിൽ പ്പാലത്തെ തുണിക്കടയിലേക്ക് എത്തിയതാണ്‌കുട്ടി. കുട്ടി വസ്ത്രം പലതവണ മാറിയെടുത്തത് ജീവനക്കാരനെ പ്രകോപിതനാക്കി. തുടർന്നായിരുന്നു മർദ്ദനം.മർദ്ദിക്കുന്ന സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. തുടർന്ന് ചാത്തൻങ്കോട്ട് നട ചേനക്കാത്ത് അശ്വന്തിനെ (28) തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയച്ചു.ഇതേ തുടർന്ന് കുടുംബം ചൈൽഡ് ലൈൻ നാദാപുരം ഡി വൈ എസ് പിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തിങ്കളാഴ്‌ച കുട്ടിയുടെ വീട്ടിലെത്തി തെളിവെടുത്തു.