മദ്യപിച്ച് എന്ന് ആരോപിച്ച് കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവറെ മാറ്റിനിർത്തി
ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവർക്കാണ് ഈ അനുഭവം ഉണ്ടായത്

കോഴിക്കോട്:മദ്യപിച്ചെന്നാരോപിച്ച് കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറുടെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി പരാതി. ഇന്ന് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവർക്കാണ് ഈ അനുഭവം ഉണ്ടായത്. സാധാരണ രീതിയിൽ ഡ്യൂട്ടി ആരംഭിക്കുന്നതിന് മുമ്പ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്താറുണ്ട്. ഇന്നത്തെ ബ്രീത്ത് അനലൈസർ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് സാങ്കേതിക തകരാർ ആണെന്നാണ് ഡ്രൈവറുടെ പരാതി.
പനിക്കും, ജലദോഷത്തിനും ഹോമിയോ മരുന്ന് കഴിക്കുന്നുണ്ടെന്നും ഈ കാര്യത്തിൽ താൻ മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറാണെന്നും ഡ്രൈവർ വ്യക്തമാക്കി. താൻ ഇന്ന് വരെ മദ്യപിച്ചിട്ടില്ലെന്നും ഡ്രൈവർ വിശദീകരിച്ചു.എന്നാൽ മെഡിക്കൽ പരിശോധന നടത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തം ആണെന്നാണ് സ്റ്റേഷൻ മാസ്റ്ററുടെ നിലപാട്. മദ്യത്തിൻറെ അളവ് 30 ശതമാനത്തിൽ കൂടുതലാണെങ്കിൽ മാത്രമേ ഇടപെടുകയുള്ളൂ എന്നാണ് പൊലീസ് നിലപാടെന്ന് പരാതിക്കാരൻ പറയുന്നു.