ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം തിരിച്ചു കിട്ടി
കണ്ടെത്തിയത് ക്ഷേത്രത്തിലെ മണൽപ്പരപ്പിൽ നിന്ന്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ സ്വർണ്ണം തിരിച്ചു കിട്ടി. ക്ഷേത്രത്തിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. അതേസമയം, സ്വർണ്ണം എങ്ങനെ ഇവിടെയെത്തി എന്ന കാര്യം വ്യക്തമല്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം കാണാതായത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണ്ണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി നേരത്തെ ജീവനക്കാർ മൊഴി നൽകിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള താഴികക്കുടങ്ങൾ സ്വർണം പൂശുന്ന ജോലികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നുണ്ട്.
ഓരോ ദിവസവും പണിക്ക് വേണ്ട സ്വർണം അളന്ന് തൊഴിലാളികൾക്ക് നൽകുകയാണ് പതിവ്. ഇന്നലെയും ഇത്തരത്തിൽ സ്വർണം തൂക്കിയപ്പോൾ 107 ഗ്രാം സ്വർണം കാണാൻ ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. മെയ് ഏഴാം തീയതി ആണ് അവസാനമായി ക്ഷേത്രത്തിൽ ജോലി നടന്നത്. അന്നത്തെ പണി പൂർത്തിയാക്കി ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിൻ്റെ നിഗമനം. അതേസമയം, ലോക്കർ പൊളിച്ചിട്ടില്ല എന്നതിനാൽ ക്ഷേത്രത്തിനുള്ളിൽ ഉള്ളവർ ആകാം പ്രവൃത്തിക്കു പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്.