അനധികൃതമായി വടകരയിൽ താമസിച്ച നേപ്പാൾ സ്വദേശി പിടിയിൽ
കഴിഞ്ഞ അഞ്ച് മാസമായി വടകരയിലെ ബാറിൽ തൊഴിലാളിയായി ജോലി ചെയ്തു

കോഴിക്കോട്: ഭാര്യയുടെ ആധാർ കാർഡിൽ കൃത്രിമം നടത്തി രാജ്യത്ത് താമസിച്ച് വന്നിരുന്ന നേപ്പാൾ സ്വദേശി വടകരയിൽ പിടിയിലായി. ചഞ്ചൽ കുമാർ എന്ന നേപ്പാൾ സ്വദേശിയായ 29കാരനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസമായി വടകരയിലെ ബാറിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇന്ത്യൻ നഗരമായ ഡാർജിലിംഗിൽ നിന്നും യുവതിയെ വിവാഹം കഴിച്ച ഇയാൾ യുവതിയുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റി തൻ്റെ ഫോട്ടോ പതിപ്പിക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ താമസ ആവശ്യങ്ങൾക്കും ജോലിക്കും റെയിൽവേ യാത്രക്കുമെല്ലാം ഈ വ്യാജ ആധാർ കാർഡാണ് ഉപയോഗിച്ചിരുന്നത്. വടകരയിലെ വിനോദസഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്സിൽ മറ്റ് രണ്ട് പേർക്കൊപ്പം സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് ആധാർ കാർഡ് കൃത്രിമമായി നിർമ്മിച്ചതാണെന്നും നേപ്പാൾ സ്വദേശിയാണെന്നും ബോധ്യമായത്. കോടതിയിൽ ഹാജരാക്കിയ ചഞ്ചൽ കുമാറിനെ റിമാൻഡ് ചെയ്തു.