കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളിൽ ഓർക്കിഡ് വസന്തം
മലബാർ ബൊട്ടാണിക്കൽ ഗാർഡനും കോഴിക്കോട് ഡിടിപിസിയും ചേർന്നാണ് ഓർക്കിഡ് വസന്തം ഒരുക്കുന്നത്.

കോഴിക്കോട്: കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളിൽ ഓർക്കിഡ് വസന്തം തീർക്കാനൊരുങ്ങി മലബാർ ബൊട്ടാണിക്കൽ ഗാർഡനും കോഴിക്കോട് ഡിടിപിസിയും. റോഡുകളുടെ വശങ്ങളിൽ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളിൽ കാണുന്ന ഓർക്കിഡുകളെയാണ് വൈൽഡ് ഓർക്കിഡുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലൂടെ കാപ്പാട് ബീച്ചിലേക്ക് മാറ്റി നടുന്നത്.
തദ്ദേശീയ ഓർക്കിഡ് ഇനങ്ങളായ റിങ്കോസ്‌റ്റൈലിസ് റെറ്റിയൂസ, സിമ്പിഡിയം അലോയ്‌ഫോളിയം, ഫോളിഡോട്ട, അക്കാമ്പെ, ഡെൻഡ്രോബിയം ഓവേറ്റം, ഡെൻഡ്രോബിയം ബാർബേറ്റുലം, ഒബ്രോണിയ, ഏറിഡിസ് ക്രിസ്പ്പാ തുടങ്ങിയവയാണ് ബീച്ചിലെ മരങ്ങളിൽ നട്ടുപിടിപ്പിക്കുക.
ഓർക്കിഡ് വൈവിധ്യം ജനങ്ങളി ലേക്ക് എത്തിക്കുന്നതിന്റെയും അവയുടെ സംരക്ഷണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതി ന്റെയും ഭാഗമായാണ് ബീച്ചിൽ ഓർക്കിഡ് നടുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെബ്രുവരി അവസാനം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽനിന്നായി കൂടുതൽ ഓർക്കിഡിനങ്ങളെ ബൊട്ടാണിക്കൽ ഗാർഡന്റെ നേതൃത്വത്തിലാണ് കാപ്പാട് ബീച്ചിൽ എത്തിച്ചത്. ബീച്ചിലെ മരങ്ങളിൽ ക്യുആർ കോഡ് ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുക യാണ്.