എൽകെജി പ്രായത്തിൽ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ്
2024ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് കോടതി വിധി
തൃശ്ശൂർ:എൽകെജി പഠന സമയത്തും, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ് വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമേ 4,75,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിക്കുകയും വേണം. തൃശൂര് ജില്ലയിലെ ചേർപ്പ് ചൊവൂർ സ്വദേശി ശ്രീരാഗിനെയാണ് (25) ജഡ്‌ജ് ജയ പ്രഭു പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരം ശിക്ഷിച്ചത്.
കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ആദ്യം കുട്ടിയ്ക്ക് നിർബന്ധിച്ച് കഞ്ചാവ് കൊടുത്തു. അതിന് ശേഷമായിരുന്നു കുഞ്ഞിന് നേർക്കുള്ള ലൈംഗിക അതിക്രമം. 2024ൽ ചേർന്ന് ശിക്ഷ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വ്യാഴാഴ്ച കോടതി വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വി എസ് വിനീഷ് ആണ് ആദ്യം അന്വേഷണം നടത്തിയത്. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ എസ്ഐ വി ലൈജുമോനാണ്. സബ് ഇൻസ്പെക്ടർ ഗിരീഷ്, സിപിഒ സിൻറി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

