മൂരാട് വാഹനാപകടം; പരിക്കേറ്റ ഒരാൾ കൂടെ മരിച്ചു
ഇതോടെ മരണസംഖ്യ അഞ്ചായി

വടകര: മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യൻ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു 3.15 ഓടെയായിരുന്നു മൂരാട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന എർട്ടിക കാറും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലർ വാനുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂർണമായി തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടനെ വടകര സഹകരണ ആശുപത്രയില്‍ എത്തിച്ചെങ്കിലും നാലു പേർ മരണപ്പെട്ടു.
മാഹിയിൽ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരൻ്റെ വീട്ടിലേക്ക് വധുവിനെ സന്ദർശിക്കാൻ പോയ ആറംഗ സംഘമായിരുന്നു അപകടത്തിൽപ്പെട്ടത്. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരായിരുന്നു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യൻ, ചന്ദ്രി എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഉൾപ്പെടെ ആറു യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.