തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി
മേൽപ്പാലത്തിലാണ് റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്
തിരുവങ്ങൂർ: തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ. തിരുവങ്ങൂർ മേൽപ്പാലത്തിലാണ് റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. 400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി.നാട്ടുകാരാണ് വിള്ളൽ ആദ്യം കണ്ടത്. തുടർന്ന് വാഗാഡ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അവർ പറഞ്ഞത്. ഇന്ന് രാവിലെ ടാർ ഒഴിച്ച് വിള്ളൽ താൽക്കാലികമായി അടച്ചിട്ടുണ്ട്.
എലത്തൂർ അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി. അണ്ടർ പാസിലേക്ക് കോൺക്രീറ്റ് അടർന്നു വീണു. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളൽ. നേരത്തെ വിള്ളൽ കണ്ടപ്പോൾ അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അധികൃതരെത്തി അത് പെയിൻ്റടിച്ചു മറക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. വ്യാഴാഴ്‌ച്‌ച രാത്രി ബൈക്ക് യാത്രികരുടെ ദേഹത്തേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

