headerlogo
recents

മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയി ലായിരുന്നയാള്‍ രോഗമുക്തയായി

ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെ ങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്‌.

 മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയി ലായിരുന്നയാള്‍ രോഗമുക്തയായി
avatar image

NDR News

30 May 2025 01:49 PM

   മലപ്പുറം:  വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടര്‍ ജിതേഷുമായി സംസാരിച്ചു.

   ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്. ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്.

   കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നു – മന്ത്രി വ്യക്തമാക്കി.

   കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. ആദ്യ അണുബാധ കണ്ടെത്തി ക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും – മന്ത്രി വ്യക്തമാക്കി. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായ ശാരീരിക മാനസിക ആരോഗ്യത്തോടുകൂടി രോഗിക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ജിതേഷ്, ഡോക്ടര്‍ വിജയ്, ഡോക്ടര്‍ മുജീബ് റഹ്മാന്‍, ഡോക്ടര്‍ ധരിത്രി (പള്‍മനോളജിസ്റ്) എന്നിവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്രിട്ടിക്കല്‍ കെയര്‍ ടീം അംഗങ്ങളുടെയും പരിചരണനത്തിലാണ് രോഗി ഇപ്പോള്‍ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

   തീവ്ര രോഗാവസ്ഥയിലുള്ള രോഗിയെ മറ്റൊരിടത്തേക്ക് മാറ്റാതെ അവര്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ സംസ്ഥാന നിപ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം വിദഗ്ധ ചികിത്സ നല്‍കുക എന്നതാണ് നാം സ്വീകരിച്ച നയം. രോഗി അത്യാഹിത വിഭാഗത്തില്‍ തുടരുമ്പോള്‍ ഡോക്ടര്‍മാര്‍ ക്വാറന്റൈനിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച്, അവരെ പൂര്‍ണമായ അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍ പാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കാന്‍ അനുവദിക്കുകയായിരുന്നു.

NDR News
30 May 2025 01:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents