വയനാട് കയറുന്നവർ ശ്രദ്ധിക്കുക, വൈകിട്ട് മുതൽ ചുരത്തിൽ പാർക്കിംഗ് നിരോധനം
അനധികൃത പാർക്കിങ്ങിനും കൂട്ടം കൂടി നില്‌ക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് മുതൽ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. വൈകുന്നേരം (07-06-2025) 7 മണി മുതലാണ് ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്‌കുന്നതിനും നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് താമരശ്ശേരി പോലീസ് ആണ് അറിയിപ്പ് പുറത്തിറക്കിയത്. ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും താഴ്വാരത്ത് നിന്നും ധാരാളം ആളുകൾ ചുരു കയറുന്നതിനാൽ വൻ ഗതാഗത തടസം അനുഭവപ്പെടാറുണ്ടായിരുന്നു. ബലി പെരുന്നാളിനോട് അനുബന്ധിച്ച് ധാരാളം കുടുംബങ്ങൾ വയനാട് ചുരത്തിലും വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും സന്ദർശിക്കാറുണ്ട്.
കുട്ടികൾ അടക്കമുള്ള നിരവധിപേർ റോഡരികിൽ വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നത് മുൻപ് ഗതാഗതം തടസ്സപ്പെടുന്നതിന് കാരണമായിരുന്നു. ഇത് മുൻകൂട്ടി കൊണ്ടാണ് വൈകിട്ട് 7 മുതൽ അനധികൃത പാർക്കിംങും ആള് കൂടുന്നതും നിരോധിച്ചിരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ പോലും ഗതാഗത തടസ്സം രൂക്ഷമായ താമരശ്ശേരി ചുരത്തിൽ ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസുമെല്ലാം ചേർന്ന് സുഗമമായ ഗതാഗതം ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഗതാഗതം സ്തംഭിക്കുകയാണ് പതിവ്.