പേരാമ്പ്രയിൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടൽ മാനേജർക്ക് നേരേ ആക്രമണം
പേരാമ്പ്ര സ്വദേശികളായ യുവാക്കളാണ് അക്രമണത്തിന് പിന്നിൽ

പേരാമ്പ്ര: ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടൽ മാനേജറെ അക്രമിച്ചു. പേരാമ്പ്ര വടകര റോഡിൽ മലബാർ ഭവൻ ഹോട്ടലിലെ മാനേജർ സിദ്ധിഖിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. പേരാമ്പ്ര സ്വദേശികളായ യുവാക്കളാണ് അക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
പെരുന്നാൾ ലീവായതിനാൽ ഹോട്ടലിൽ രാത്രിയിൽ നല്ല തിരക്കായിരുന്നു. ഇതിനിടെയാണ് യുവാക്കൾ എത്തിയത്. ഓഡർ ചെയ്‌ത ഭക്ഷണം എന്താണ് വൈകുന്നതെന്ന് യുവാക്കൾ ചോദിച്ചപ്പോൾ ഉടൻ തരാമെന്ന് സിദ്ധിഖ് മറുപടി നൽകി. എന്നാൽ മറുപടിയിൽ തൃപ്‌തരാവാത്ത യുവാക്കൾ സിദ്ധിഖിനെ ഹോട്ടലിന് പുറത്തേക്ക് വിളിച്ച് കൊണ്ടു പോയി മർദ്ദിച്ചെന്നാണ് പറയുന്നത്. മുഖത്തും പുറത്തും പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിന്റെ പാലത്തിന് പരിക്കുള്ളതിനാൽ ശസ്ത്രക്രിയ വേണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഹോട്ടൽ അധികൃതർ പേരാമ്പ്ര പോലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കെ.എച്ച്.ആർ.എയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ പേരാമ്പ്ര ടൗണിൽ രാവിലെ പ്രതിഷേധ പ്രകടനം നടത്തി.