ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു.
മുഖ്യ പ്രതികളടക്കം പലരും പോലീസിന്റെ വലയിലായിട്ടുണ്ട്
കോഴിക്കോട് : യുവതിക്കൊപ്പം നിർത്തി നഗ്നചിത്രം പകർത്തി ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു. തലശ്ശേരി സ്വദേശി യുവാവും യുവതിയും അറസ്റ്റിൽ. സംഭവത്തിൽ ഏഴ് പേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. കുട്ടിയെ പഠിപ്പിക്കാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് പ്രവാസിയെ സമീപിക്കുകയും പിന്നീട് സഹായം കൈപ്പറ്റിയ കുടുംബത്തിൻറെ ദയനീയ അവസ്ഥ ബോധിപ്പിക്കാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഏഴംഗ സംഘ സംഘം ഒരുക്കിയ കെണിയാണ് പ്രവാസിയും ചോമ്പാല എസ് ഐ ബി കെ ഷിജുവിൻ്റെ നേതൃത്ത്വത്തിൽ പൊലീസും ചേർന്ന് പൊളിച്ചത്. നാദാപുരം ചാലപ്പുറം ഒതയോത്ത് സിറാജ് (52) ന്റെ പരാതിയിലാണ് തട്ടിപ്പ് സംഘം വളയുന്നത്. മുക്കാലി റെയിൽവെ അടിപ്പാതക്ക് സമീപം വാടക കോട്ടേഴ്സസിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി റുബൈദ (38)യുടെ സംഘമാണ് ഹാണി ട്രാപ്പ് ഒരുക്കിയത്. നേരത്തെ ഫോണിലൂടെ പരിചയപ്പെട്ട് സാമ്പത്തിക സഹായം നൽകിയ സിറാജിനെ വ്യാഴം രാത്രി എട്ടോടെ റുബൈദ വാടക വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. വാടക വീട്ടിൽ ഉണ്ടായിരുന്ന സംഘം സിറാജിന്റെ വസ്ത്രങ്ങൾ ബല പ്രയോഗത്തിലൂടെ അഴിച്ചു മാറ്റി യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു. നഗ്ന ചിത്രങ്ങൾ ബന്ധുക്കളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിനിടയിൽ തന്നെ ദേഹോപദ്രവം ചെയ്‌തതായും 23 ലക്ഷം വിലവരുന്ന ആഡംബരക്കാർ കൊണ്ട് പോയതായും ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപയും കവർന്നതായും പരാതിയിൽ പറയുന്നു. യുവതിയോടൊപ്പം കൂട്ടാളികളായ തലശ്ശേരി ധർമ്മടം ചിറക്കാനി നടുവിലോനി അജിനാസ് (35) എന്ന യുവാവിനെയും പള്ളൂർ പാറാൽ പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37)എന്ന യുവതിയെയും ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു.
ഗൾഫിൽ ബിസിനസ് കാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായി പോലീസ് പറഞ്ഞു. വലിയ തോതിൽ പണം തട്ടിയെടുക്കാൻ യുവതിയും സംഘവും കെണി ഒരുക്കുക യായിരുന്നുവെന്ന് പോലീസ് കരുതുന്നു. വീട്ടിലെ മുറിയിൽ അടച്ചിട്ട സിറാജിനെ അഞ്ച് ലക്ഷം രൂപ നൽകിയ ശേഷം കാർ തിരിച്ച് നൽകാമെന്ന ഉറപ്പിൽ വിട്ടയക്കുകയായിരുന്നു. തുടർന്ന് രാത്രി തന്നെ ചോമ്പാല പോലീസിൽ നേരിട്ടെത്തി സിറാജ് പരാതി നൽകുകയായിരുന്നു. പണം തട്ടിയെടുക്കാൻ ആസൂത്രിതമായാണ് പ്രതികൾ തിരക്കഥ ഒരുക്കിയത്. മുഖ്യ പ്രതികളടക്കം പലരും പോലീസിന്റെ വലയിലായിട്ടുണ്ട്.

