കുറ്റ്യാടിയിൽ ആരോഗ്യ പ്രവർത്തകർ താമസിക്കുന്നിടത്ത് ഒളിക്യാമറ വയ്ക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കുറ്റ്യാടി ആശുപത്രിക്ക് മുൻവശത്ത് സ്ത്രീകൾ താമസിക്കുന്നിടത്തെ ശുചി മുറിയിലാണ് ഒളിക്യാമറ സ്ഥാപിക്കാൻ ശ്രമിച്ചത്

കുറ്റ്യാടി: ആരോഗ്യപ്രവർത്തകർ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുറ്റ്യാടി സ്വദേശി മുഹമ്മദ് അസ്ലമാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുൻവശത്ത് അരീക്കര ലാബിനോട് ചേർന്ന് സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് അസ്ലം ഒളിക്യാമറ സ്ഥാപിക്കാൻ ശ്രമിച്ചത്. ഇവിടെ അരീക്കര ലാബിലെയും സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളുമാണ് താമസിക്കുന്നത്.
ഒരു യുവതി ശുചിമുറിയിൽപോയ സമയത്ത് ജനലിനടുത്തായി മൊബൈലുമായി ഒരാളെ കാണാനിടയായി.യുവതി ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്‌തു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെ വ്യക്തമായത്. തുടർന്ന് കുറ്റ്യാടി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അരീക്കര മെഡിക്കൽ ലാബ് നടത്തിപ്പുകാരനാണ് പിടിയിലായ മുഹമ്മദ് അസ്ലം.