വടകരയിൽ കടയിൽ സൂക്ഷിച്ച സ്വർണ്ണം മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ
കടയിലെ ജീവനക്കാരനായ സുനിലിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു

വടകര മാർക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് എന്ന കടയിൽ ഉടമ സൂക്ഷിച്ച 24 പവൻ സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ. കുരിയാടി ഫിഷർമെൻറ് കോളനിയിലെ മീനയാണ് വടകര ഇൻസ്പെക്ടർ കെ മുരളീധരനും സംഘവും പിടികൂടിയത്. കടയിലെ ജീവനക്കാരനായ സുനിലിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കടയുടമ ഗീത രാജേന്ദ്രൻ അലമാരയിൽ സൂക്ഷിച്ച സ്വർണം സുനിൽ മോഷ്ടിച്ചെന്നാണ് കേസ്. ഈ സ്വർണം രണ്ട് സഹകരണ സ്ഥാപനങ്ങളിൽ പണയം വെച്ചത് മീനയാണെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ പരിചയക്കാരാണെന്നും പൊലീസ് പറഞ്ഞു. പണയം വച്ച സ്വർണം പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ് ഐ കെ ബി രഞ്ജിത്ത്, എ എസ് ഐമാരായ ഗണേശൻ, ദീപ തുടങ്ങിയവരും ഉണ്ടായി.