മേപ്പയൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സമീപത്തെ അപ്പാർട്മെൻ്റിൽ നിന്നാണ് തട്ടിക്കൊണ്ടു പോയത്

കോഴിക്കോട്: കോഴിക്കോട് മേപ്പയൂർ സ്വദേശിയായ 22കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം സ്വദേശി എസ്. മുഹമ്മദ് അസർ (30), കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഉവൈസ് (ഷാനു -26) എന്നിവരെയാണ് ഇൻ സ്പെക്ടർ എം.ബി. ലത്തീഫും സംഘവും പിടികൂടിയത്.
ഏപ്രിൽ 30ന് കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സമീപത്തെ അപ്പാർട്മെൻ്റിൽ നിന്ന് കോഴിക്കോട് മേപ്പയൂർ സ്വദേശിയായ സൗരവിനെ (22) തട്ടിക്കൊണ്ടുപോയി. വിവിധയിടങ്ങളിൽ രണ്ടു ദിവസം പാർപ്പിച്ചു. അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നിരന്തരം വധഭീഷണി മുഴക്കി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. സൗരവിനെ പേരാമ്പ്ര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ല റൂറൽ പൊലീസിന്റെ സഹായത്തോടെ കളമശ്ശേരി പൊലീസ് മേയ് രണ്ടിന് കോഴിക്കോട് ബാലുശ്ശേരിയിൽ വച്ച് മോചിപ്പിച്ചിരുന്നു.