ഉള്ളിയേരി കുറ്റിയിൽ കുന്നിൽ കുന്നിടിഞ്ഞ് അപകട ഭീഷണിയിൽ
മലയുടെ ഒരു ഭാഗം മണ്ണ് ഊർന്ന് നിൽക്കുന്ന നിലയിലാണുള്ളത്

ഉള്ളേരി: മുണ്ടോത്ത് കുറ്റിയിൽ കുന്നിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകട ഭീഷണിയിൽ. മണ്ണിടിച്ചിലിൽ താസ് ഡിസ്‌പ്ലെയ്‌സ് കമ്പനിയുടെ കെട്ടിടം ഭാഗികമായി തകർന്നു. മൂടാടി സ്വദേശി ഹുസൈൻ സൗഭാഗ്യയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മലയുടെ ഒരു ഭാഗം മണ്ണ് ഊർന്ന് നിൽക്കുന്ന നിലയിലാണുള്ളത്. രണ്ടാഴ്‌ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീണ്ടും കൂറ്റൻ പാറക്കല്ല് താഴോട്ട് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു.
സമീപത്തെ തെങ്ങ് കടപുഴകുകയും, കെട്ടിടത്തിന് മുകളിൽ പതിക്കുകയും ചെയ്തു. ഈ കെട്ടിടത്തെ കൂടാതെ നിരവധി വീടുകൾ ഇവിടെയുണ്ട്. നിലവിൽ ഒരു കൂറ്റൻ കല്ലു കൂടി അടർന്ന് നിൽക്കുകയാണ്. മഴ കനത്താൽ ആ പാറക്കല്ലും താഴോട്ട് പതിക്കുമെന്ന ഭീതിയിലാണ് സമീപവാസികൾ. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.