ഡ്രീംസ് പദ്ധതി പ്രഖ്യാപനം; സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്
ഡ്രീംസിൻ്റെ പ്രഖ്യാപനവും സംസ്ഥാന തല ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

കോഴിക്കോട്:കേരളത്തെ മാരകമായി ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയനും (KSTU) അസ്സറ്റ് പേരാമ്പ്രയും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രീംസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ നാളെ തിരുവനന്തപുരത്ത് നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പദ്ധതികളിലൂടെയാണ് DREAMS (Drug Resistance Education & Awareness Mission for Society) പദ്ധതി നടപ്പാക്കുക.
ഡ്രീംസിൻ്റെ പ്രഖ്യാപനവും സംസ്ഥാന തല ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ രാവിലെ 10 മണിക്ക് തിരുവന്തപുരം എസ്പി ഗ്രാൻ്റ് ഡെയ്‌സിൽ നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാഥിതിയായി പങ്കെടുക്കും. പി.കെ കുഞ്ഞാലിക്കുട്ടി, സ്വാമി ഗുരുരത്നം ജഞാനതപസ്വി, ജിജി തോംസൺ ഐ എ എസ്, ഗോപിനാഥ് മുതുകാട്, ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) ചെറിഷ് മാത്‌സൺ എന്നിവർ പങ്കെടുക്കും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ക്കു പുറമെ വിദ്യാർത്ഥികളിലെ അക്രമോത്സുകതക്കെതിരെയും പദ്ധതികളുണ്ടാകും.മാറിയ കാലത്തെ മാറ്റങ്ങൾ ഉൾകൊണ്ടുള്ള സർഗ്ഗാത്മക പ്രതിരോധം കൂടിയായിരിക്കും ഡ്രീംസ്.ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 100 പേർക്കും ജില്ലാ തലത്തിൽ 1000 പേർക്കും വിദഗ്ദ്ധ പരിശീലനം നൽകി റിസോഴ്‌സ് ഗ്രൂപ്പുകൾ രൂപീകരിക്കും.ഇതിനു വേണ്ടി പ്രത്യേക ശിൽപശാലകൾ നടത്തി മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ ജില്ലാ – ഉപജില്ലാ തലങ്ങളിൽ സവിശേഷ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം ഡ്രീംസ് ക്ലബ്ബുകൾ രൂപീകരിക്കും. ബിഹേവിയർ വാക്‌സിൻ, ആൾട്ടർനേറ്റീവ് ഗെയിം എന്നീ പുതുവഴികൾ നടപ്പിലാക്കും. സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനങ്ങൾ നൽകും. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന കലാ രൂപങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവയും ഒപ്പം ബ്രോഷറുകൾ, പുസ്‌തകങ്ങൾ,പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും ചെയ്യും . കുട്ടികളുടെ പാർലമെൻ്റ്. സെമിനാറുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഒരു വർഷത്തെ കലണ്ടറിന് രൂപം നൽകിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും.