ഒറ്റ നമ്പർ ലോട്ടറി വിൽപ്പന; അത്തോളിയിൽ ഒരാൾ അറസ്റ്റിൽ
ഉള്ളിയേരി ഉള്ളൂർ സ്വദേശി മൊടാലത്ത് രാജീവൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്

അത്തോളി: ഒറ്റ നമ്പർ ലോട്ടറി വിൽപന നടത്തിവന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ഉള്ളിയേരി ഉള്ളൂർ സ്വദേശി മൊടാലത്ത് രാജീവൻ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും പണവും നമ്പർ എഴുതാനുപയോഗിച്ച പേപ്പറുകളും പതിനായിരക്കണക്കിന് പണം ഇടപാട് നടത്തിയ ബുക്കുകളും ഓൺലൈൻ ചൂതാട്ടം നടത്താനുപയോഗിച്ച സ്മാർട്ട്ഫോണും പോലീസ് പിടിച്ചെടുത്തു.
ഗൂഗിൾ പേ വഴിയാണ് ഇയാൾ കൂടുതലായും പണം ഈടാക്കുന്നത്. ഇയാളുടെ ഉള്ളൂരിലുള്ള സ്റ്റേഷനറി കട കേന്ദ്രീകരിച്ചായിരുന്നു വ്യാജ ലോട്ടറി കച്ചവടം. ഉച്ചയ്ക്ക് 1നും വൈകിട്ട് 6നും രാത്രി 8നുമാണ് ഇവയുടെ നറുക്കെടുപ്പ്. 10 രൂപ മുതൽ ആയിരങ്ങൾ വരെയാണ് ആളുകൾ സമാന്തര ലോട്ടറി വാങ്ങാൻ ചെലവഴിക്കുന്നത്. സർക്കാരിനു വരുമാന നഷ്ടം മാത്രമല്ല, സാമൂഹിക ദുരന്തം കൂടിയായി എഴുത്ത് ലോട്ടറി മാറി. കടം വാങ്ങിയടക്കം എഴുത്ത് ലോട്ടറിയിൽ ഭാഗ്യം പരീക്ഷിച്ച് സർവതും നഷ്ടമായ ഒട്ടേറെപ്പേരുണ്ട്.
നേരത്തെ വലിയ അങ്ങാടികൾ മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന എഴുത്ത് ലോട്ടറി ഇപ്പോൾ ഗ്രാമീണ മേഖലകളിലെ ചെറിയ അങ്ങാടികളിൽ വരെ സജീവമായിട്ടുണ്ട്. നിരവധി കേന്ദ്രങ്ങളിൽ എഴുത്ത് ലോട്ടറി വിൽപ്പന നടക്കുന്നതായാണു വിവരം. വൻ സ്വാധീനമുള്ളവരാണു എഴുത്ത് ലോട്ടറി നിയന്ത്രിക്കുന്നതെന്ന അക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പരിശോധന ശക്തമാക്കിയത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി. എൻ. സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും ചേർന്ന് അത്തോളി എസ്.ഐ. മുഹമ്മദലി എം.സിയുടെ നേതൃത്വത്തിലുള്ള പോലീസാണ് റെയ്ഡ് നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. കേരള ഗവ. ലോട്ടറിക്ക് വിരുദ്ധമായ വ്യാജ ലോട്ടറി, ഒറ്റ നമ്പർ ലോട്ടറി, ഓൺലൈൻ ലോട്ടറി എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി. അറിയിച്ചു.