കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് അമൽ കാരയാട് അറസ്റ്റിൽ
പേരാമ്പ്രയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്

കോഴിക്കോട്: ബൈക്ക് മോഷണ കേസിൽ ജില്ലയിലെ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിലായി. കാരയാട് സ്വദേശി അമലി(22) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജനുവരി മൂന്നിന് പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്ലാറ്റിന് മുന്നിൽ നിർത്തിയിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് നടപടി. വയനാട് സ്വദേശി ഡെറിക് എബ്രഹാമിന്റെ പേരിലുള്ള ബജാജ് പൾസർ ബൈക്കാണ് അമൽ മോഷ്‌ടിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്‌ടാവിനെ കുറിച്ചുള്ള സൂചന ലഭിക്കുകയും ചെയ്‌തു. പേരാമ്പ്രയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വാഹനമോഷണം, വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കൽ, വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായ കേസ്, പൊതുജനത്തിന് ശല്യമുണ്ടാക്കൽ തുടങ്ങിയ കേസുകൾ പ്രധാനമായും ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് എസിപി ഉമേഷിൻറ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ എസ്‌സിപിഒ മാരായ ബഷീർ, വിഷ്ണുലാൽ എന്നിവരും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അരുണിൻ്റെ അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ അമലിനെ റിമാൻഡ് ചെയ്തു