അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം: മുഖ്യമന്ത്രി
ലഹരി വിവരം നൽകുന്നവരെ കുറിച്ചുള്ള വിവരം ചോർത്തിയാൽ ആ ഉദ്യോഗസ്ഥൻ സർവീസിൽ ഉണ്ടാകില്ല

തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കിൽ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകർ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ ചെയ്യാൻ അധികാരപ്പെട്ടവരാണ് അധ്യാപകർ. വ്യാജപരാതിയിൽ കുടുക്കുമെന്ന ഭയംവേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തിൽ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മയക്കു മരുന്നുവിരുദ്ധ ദിനാചരണത്തിൻ്റെയും 'നോ ടു ഡ്രഗ്‌സ്' അഞ്ചാം ഘട്ടത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയെപ്പറ്റി വിവരം നൽകുന്നവരെ കറിച്ചുള്ള വിവരം ചോർത്തിയാൽ ആ ഉദ്യോഗസ്ഥൻ പിന്നെ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്കു പുതുതലമുറയിൽ ചില എത്തിയെന്നത് ആശങ്കാജനകമാണ്. കുറഞ്ഞ അളവിൽപ്പോലും മാരക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണിവ. ഇതു ഭാവിതലമുറയെ ഇല്ലാതാക്കുകയാണ്.
ലഹരിമാഫിയ സ്‌കൂൾ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളും ലഹരിമാഫിയയുടെ വിപണനകേന്ദ്രങ്ങളാകുന്നു. വീട്ടിൽ ലഭിക്കാത്ത സ്വാതന്ത്ര്യവും സ്നേഹവും പുറമേനിന്നു ലഭിക്കുന്നുവെന്നു തോന്നുമ്പോൾ കുട്ടികളിൽ ചിലർ കെണിയിൽ വീഴുകയാണ്. ഇതു സംഭവിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുതന്നെ അവരെ വലയിലാക്കാൻ തക്കം പാർത്തിരിക്കുന്നവരെ തകർക്കാൻ ആവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.