ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തേക്കു പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു
ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ‌് വിഭാഗങ്ങൾക്കുളള ബസുകളാണ് എത്തിയിരിക്കുന്നത്

കോട്ടയം: പുതിയ രൂപത്തിലുള്ള കെഎസ്ആർടിസി ബസുകൾ വൈകാതെ നിരത്തിലിറങ്ങും. 6 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തേക്കു പുതിയ കെഎസ്ആർടിസി ബസുകളുടെ വരവ്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലയളവിൽ ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നൽകിയിരുന്നത്. 2018ൽ 100 ഡീസൽ ബസുകൾ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. നാളിതുവരെ കണ്ട കെഎസ്ആർടിസി ബസുകളുടെ ഡിസൈനിൽ നിന്ന് വേറിട്ട ബോഡിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ പുതിയ ബസുകൾക്ക്.
ടാറ്റയുടെ ഷാസിയിൽ എസിജിഎൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകൾക്ക് ബോഡി നിർമിച്ചത്. ഫാസ്‌റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ‌് എന്നീ രണ്ട് വിഭാഗങ്ങളിലേക്കുളള ബസുകളാണ് എത്തി തുടങ്ങിയിരിക്കുന്നത്. രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈൻ ഒരുപോലെ ആണെങ്കിലും ഫാസ്റ്റ‌് പാസഞ്ചർ, സൂപ്പർഫാസ്‌റ്റ് എന്നിവയ്ക്കു മുന്നിലെ നിറത്തിൽ വ്യത്യാസമുണ്ട്.