headerlogo
recents

വാടക സ്റ്റോറിൽനിന്ന് കല്യാണത്തിനെന്നു പറഞ്ഞ് എടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റു

താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് പാത്രങ്ങൾ എടുത്തത്

 വാടക സ്റ്റോറിൽനിന്ന് കല്യാണത്തിനെന്നു പറഞ്ഞ് എടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റു
avatar image

NDR News

01 Jul 2025 04:57 PM

താമരശ്ശേരി: വാടക സ്റ്റോറിൽനിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റു. താമരശ്ശേരി പരപ്പൻ പൊയിലിലെ ഒകെ സൗണ്ട്സ് വാടക സ്റ്റോറിൽനിന്ന് യുവാവ് കൊണ്ടുപോയ ബിരിയാണി ചെമ്പുകൾ ഉൾപ്പെടെയുള്ള പാത്രങ്ങളാണ് പൂനൂരിലെ ആക്രിക്കടയിൽ വിൽപ്പന നടത്തിയത്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് വീട്ടിലെ കല്യാണത്തിന് എന്നുപറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വാടകയ്ക്കെടുത്തത്. പിന്നീട് പരപ്പൻ പൊയിലിൽ നിന്ന് ഗുഡ്‌സ് ഓട്ടോ വിളിച്ച് പാത്രങ്ങൾ കയറ്റിക്കൊണ്ടു പോയി. താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്ക് എന്നു പറഞ്ഞാണ് പാത്രങ്ങൾ എടുത്തത്. സാധനങ്ങൾ എടുക്കുന്ന സമയത്ത് ഫോൺ നമ്പറും വിലാസവും നൽകിയിരുന്നു. സൽമാൻ എന്നാണ് യുവാവ് പേരുപറഞ്ഞത്.

    ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്‌ച പാത്രങ്ങൾ തിരികെ എത്താത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാത്രങ്ങൾ അണ്ടോണയിലല്ല, പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി. വീടിനടുത്തേക്ക് വണ്ടി പോകാത്തതിനാൽ പാത്രങ്ങൾ ഇവിടെ ഇറക്കിയാൽ മതിയെന്നാണ് ഓട്ടോ ഡ്രൈവറോട് യുവാവ് പറഞ്ഞത്. ഈ വിവര പ്രകാരം കടയുടമ തിങ്കളാഴ്ച‌ പൂനൂരിലെ ആക്രിക്കടയിൽ എത്തിയപ്പോളാണ് പാത്രങ്ങൾ കണ്ടെത്തിയത്. ആക്രിക്കട ഉടമയോട് വിവരങ്ങൾ പറഞ്ഞശേഷം വാടക സ്റ്റോർ ഉടമ റഫീഖ് താമരശ്ശേരി പോലീസിൽ പരാതി നൽകി.വാടകയ്ക്ക് എടുത്തതാണെന്ന് ആക്രി ക്കടക്കാർക്ക് മനസ്സിലാവാതിരിക്കാൻ പാത്രങ്ങൾക്കൊപ്പം കൊണ്ടു പോയ ചട്ടുകം, കോരി എന്നിവ യുവാവ് വിൽപ്പന നടത്തിയിരുന്നില്ല. മോഷ്‌ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

NDR News
01 Jul 2025 04:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents