വീട്ടിലിരുന്ന് ജോലിചെയ്‌ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്തത് 23 ലക്ഷം രൂപ തട്ടിയ എസ്റ്റേറ്റ് മുക്ക് സ്വദേശികൾ പിടിയിൽ
പണം നഷ്ടപ്പെട്ട നരിക്കുനി പാറന്നൂർ സ്വദേശിയായ യുവാവാണ് പോലീസിൽ പരാതി നൽകിയത്

കോഴിക്കോട്: വീട്ടിലിരുന്ന് ജോലിചെയ്‌ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തത് യുവാവിൻ്റെ കൈയിൽ നിന്ന് 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ എസ്റ്റേറ്റ് മുക്ക് സ്വദേശി അഹമ്മദ് നിജാദ് (18), കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീം (25) എന്നിവരെ കാക്കൂർ പോലീസ് ഇൻസ്പെക്ടർ സജു എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌തു. ടെലിഗ്രാംവഴി വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡ് നടത്തി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് പലഘട്ടങ്ങളിലായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 22.79 ലക്ഷംരൂപയാണ് തട്ടിയെടുത്തത്.
മുടക്കിയ പണവും ചെയ്‌ത ജോലിയുടെ വേതനവും ലഭിക്കാതെവന്നപ്പോഴാണ് പണം നഷ്ടപ്പെട്ട നരിക്കുനി പാറന്നൂർ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് കോഴിക്കോട് റൂറൽ പോലീസ് മേധാവി കെ.ഇ. ബൈജു, താമരശ്ശേരി ഡിവൈഎസ്‌പി സുഷീർ എന്നിവരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്. സബ് ഇൻസ്പെക്‌ടർ സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശോബ് മൂലാട്, ഷിഗിൽ, സിവിൽ പോലീസ് ഓഫീസർ രജീഷ് വാകയാട്, ബിജു നന്മണ്ട, ലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.