സ്ത്രീയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടും പോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ തേടിയെത്തിയ പോലീസിന് മർദ്ദനം
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വടകര സ്റ്റേഷനിൽ എത്തിച്ചു

വടകര: യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഓട്ടോഡ്രൈവറെ തേടിയെത്തിയ പോലീസുകാർക്ക് പ്രതിയുടെ മർദനം. വടകര എസ്.ഐ.രഞ്ജിത്ത്, എ.എസ്.ഐ ഗണേശൻ എന്നിവർക്ക് മർദനമേറ്റത്. പാനൂർ മൊകേരിക്കടുത്ത് ചമ്പാട് സ്വദേശി പറമ്പത്ത് സജീഷാണ് ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. സജീഷിനെ അന്വേഷിച്ച് ചമ്പാട്ടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിനെ അക്രമിച്ചത്. എസ്.ഐയ്ക്ക് കണ്ണിനാണ് അടിയേറ്റത്. എ.എസ്.ഐയെ കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വടകര സ്റ്റേഷനിൽ എത്തിച്ചു. കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്. വില്ല്യാപ്പള്ളി സ്വദേശിനിയായ 28കാരിയെയും മൂന്ന് വയസുകാരിയെയും തട്ടികൊണ്ട് പോവാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയത്. ഓട്ടോയുമായി ചെമ്മരത്തൂരിൽ ഒരാളെ കാണാനായി പോകുകയായിരുന്നെന്നാണ് പ്രതി പറഞ്ഞത്. ഇതിനിടയിൽ ഇന്നലെ ഉച്ചയോടെ വില്ല്യാപ്പള്ളിയിൽ നിന്നാണ് യുവതിയും കുഞ്ഞും വടകര ആശുപത്രിയിലേക്ക് പോകാനായി ഓട്ടോയിൽ കയറിയത്. പ്രതി വടകര ഭാഗത്തേക്ക് പോവാതെ അപരിചിതമായ റൂട്ടുകളിലൂടെ പോവുകയും യുവതി ബഹളം വെച്ചതോടെ ആയഞ്ചേരിയിൽ ആൾ ഒഴിഞ്ഞ സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു എന്നാണ്.