headerlogo
recents

39 വർഷം മുമ്പ് ഒരാളെ തോട്ടിൽ തള്ളിയിട്ടു കൊന്നെന്ന് 54കാരന്റെ വെളിപ്പെടുത്തൽ

കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതൊന്നും മുഹമ്മദ് പോലീസിനോട്

 39 വർഷം മുമ്പ് ഒരാളെ തോട്ടിൽ തള്ളിയിട്ടു കൊന്നെന്ന് 54കാരന്റെ വെളിപ്പെടുത്തൽ
avatar image

NDR News

05 Jul 2025 07:16 AM

കോഴിക്കോട്: 39 വർഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെയാണ് കോഴിക്കോട് തിരുവമ്പാടി പോലീസ്. 1986 ൽ തനിക്ക് 15 വയസ്സ് ഉള്ളപ്പോൾ ഒരാളെ തോട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്ന് ഇപ്പോൾ 54 വയസ്സുള്ള മുഹമ്മദ് തുറന്നു പറഞ്ഞതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയെ കുറിച്ച് ഒരു സൂചന പോലും നൽകാൻ മുഹമ്മദിന് കഴിഞ്ഞിട്ടുമില്ല. മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിൽ ജൂൺമാസം അഞ്ചാം തീയതി നേരിട്ട് എത്തി മുഹമ്മദ് എന്ന 54കാരൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് കോഴിക്കോട് തിരുവമ്പാടി പോലീസിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത്. 39 വർഷങ്ങൾക്കു മുൻപ് തന്നെ ഉപദ്രവിച്ച ഒരാളെ താൻ കൊലപ്പെടുത്തി എന്നും എന്നാൽ താൻ കൊലപ്പെടുത്തിയത് ആരെ എന്ന് അറിയില്ലെന്നുമായിരുന്നു മുഹമ്മദിന്റെ വെളിപ്പെടുത്തൽ. 1986 ൽ അന്ന് തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൂടരഞ്ഞിയിൽ താമസിക്കവേ തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരു യുവാവിനെ തൊട്ടടുത്ത ദിവസം തോട്ടിൽ തള്ളിയിട്ടു കൊന്നു എന്നാണ് മുഹമ്മദ് തുറന്നു പറഞ്ഞത്. സംഭവം നടക്കുമ്പോൾ തനിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും കൊന്നത് ആരെയെന്നോ ഏത് ദേശക്കാരനെന്നോ തനിക്ക് അറിയില്ലെന്നും കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതൊന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരുവമ്പാടി പോലീസിന് കൈമാറി.

      മുഹമ്മദിനെ രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന്റെ എന്തെങ്കിലും തെളിവോ കൊല്ലപ്പെട്ട ആളുടെ എന്തെങ്കിലും വിവരമോ കണ്ടെത്താൻ തിരുവമ്പാടി പോലീസിന് ആയിട്ടില്ല. അതേസമയം മുഹമ്മദ് പറയുന്ന സമയം ഈ പ്രദേശത്ത് ഒരു അസ്വാഭാവികം മരണം നടന്നതായി സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഈ സംഭവം നാട്ടുകാർക്കും ഓർമ്മയുണ്ട്. മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, 1986 രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഹമ്മദ് പറയുന്ന സമയം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം ലെങ്സിൽ വെള്ളം കയറിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവം നടക്കുമ്പോൾ ആൻറണി എന്നായിരുന്നു തന്റെ പേര് എന്നും പിന്നീട് മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ കൂടരഞ്ഞിയിലെ ബന്ധുക്കളിൽ നിന്നും പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

 

 

NDR News
05 Jul 2025 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents