സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു
കെഎസ്ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്തും സമരം ശക്തമാണ്. സമരം കണക്കിലെടുത്ത് കൂടുതൽ ബസ്സുകൾ ഓടുന്നുണ്ട്. ടാക്സി സ്വകാര്യ വാഹനങ്ങളും റോഡിൽ ഉണ്ട്. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകൾ ട്രിപ്പ് അടിക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴ ബുദ്ധിമുട്ടാണെങ്കിലും ഇരുചക്ര വാഹനങ്ങളും ധാരാളമായും റോഡിൽ ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച സൂചനാ സമരം കൊയിലാണ്ടി പേരാമ്പ്ര മേഖലയിൽ പൂർണമാണ്. ബാലുശ്ശേരിയിലും നടുവണ്ണൂരിലും സ്വകാര്യബസുകൾ ഓടുന്നില്ല.കൊയിലാണ്ടി സ്റ്റാൻറിൽ നിന്നും പുറപ്പെടുന്ന സ്വകാര്യ ബസുകൾ ഒന്നും തന്നെ ഇന്ന് സർവ്വീസ് നടത്തിയിട്ടില്ല. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകളും സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്. ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറകടർ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളി ലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.