വടകരയിൽ വാഹനം ഇടിപ്പിച്ച് പരിക്കേറ്റ് കോമയിലായ കുട്ടിക്ക്, കുറ്റപത്രം
പൊലീസ് കുറ്റപത്രം സമർപ്പിച്ച് ഏഴുമാസമായിട്ടും ഇൻഷുറൻസ് തുക നല്കിയിട്ടില്ല
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയ്ക്കും കുടുംബത്തിനും ദുരന്തമൊഴിയുന്നില്ല. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിൽ എത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചിട്ട് നിർത്താതെ പോയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ സ്ഥിതിയിൽ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാർ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചും നിരന്തരം വന്ന വാർത്തകളെ തുടർന്നായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തതും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും. അസാധാരണമായ അന്വേഷണത്തിനൊടുവിൽ ഇടിച്ചിട്ട കാർ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. എന്നാൽ, പൊലീസ് കുറ്റപത്രം സമർപ്പിച്ച് ഏഴുമാസമായിട്ടും ഇൻഷുറൻസ് തുക ദൃഷാനയ്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് സങ്കടകരം.വടകര മോട്ടോർ ആക്‌സഡൻ്റ് ക്ലെയിം ട്രൈബ്യൂണലിൽ കഴിഞ്ഞ ആറുമാസമായി ജഡ്‌ജ് ഇല്ലാത്തതാണ് കാരണമായി അഭിഭാഷക പറയുന്നത്. പത്ത് മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദൃഷാന ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ്.

